മൂന്നാം പവര്‍ പ്ലേ, ഫ്രീഹിറ്റ്, സ്വിച്ച് ഹിറ്റ് പിന്നെ വിപണിയും

Monday, March 8, 2010


കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്, അതുപോലെ കളിപ്പിച്ച് കളിപ്പിച്ച് കളിയില്ലാതാക്കുക എന്നതാവാം ഐസിസിയുടെ നയമെന്ന് എന്തുകൊണ്ടോ ഒരു വെളിപാട് തോന്നുന്നു. അവര്‍ വരുത്തിയ സമീപകാല പരിഷ്കാരങ്ങളില്‍ (അങ്ങനെ വിളിക്കാമോ എന്നറിയില്ല) ഭൂരിഭാഗവും ഈ ദിശയിലേയ്ക്ക് നയിക്കുന്നവയാണ് എന്നതാണ് വസ്തുത. ക്രിക്കറ്റെന്നാല്‍ അതിന് ബൌളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കിയിരുന്ന ഒരു കളിക്കാലം കടന്ന് അഥവാ അതിനെ അട്ടിമറിച്ച് ക്രിക്കറ്റ് എന്നാല്‍ അത് ബാറ്റിംഗ് മാത്രമാണെന്നും, ബാറ്റ്സ്മാന്‍ അടിച്ചകറ്റുന്ന തുകല്‍ പന്ത് മാത്രമാണ് ക്രിക്കറ്റ് ബാളെന്നും ബാറ്റ്സ്മാനുവേണ്ടി മാത്രം അലറിവിളിക്കുന്നവനാണ് കാണി എന്നുമുള്ള തിരുത്തിയെഴുത്തിലേയ്ക്ക് എത്തിയിരിക്കുന്നു. ഇത് ഒരു വിപണിയ്ക്ക് വേണ്ടി മാത്രം തിരുത്തിയെഴുതപ്പെട്ട നാടകമാണ്. അതിലെ കളിയുടെ അംശം എവിടെയോ ചോര്‍ന്നുപോയിരിക്കുന്നു. കളിയുടെ സമതുലിതമായ അവസ്ഥ നഷ്ടമാകുമ്പോള്‍ ക്രമേണ കളി ശോഷിച്ചു വരും എന്നതിന് സംശയം വേണ്ട.

മൈതാനത്തെ ഏറ്റവും മോശമായ കളിക്കാരനെ ഗോളിയാക്കിയിരുന്ന പഴയ സ്കൂളുകളിലെ ഫുട്ബാള്‍ നയമാണ് ഇനി ബൌളര്‍മാര്‍ക്കുമേല്‍ നമ്മള്‍ പ്രയോഗിക്കാന്‍ പോകുന്നത്. (നീ വേണമെങ്കില്‍ കളിച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യം) ഏകദിനത്തിലെ റണ്‍ ശരാശരികളില്‍ വന്ന മാറ്റം (കണക്കുകള്‍ അടുത്ത ലേഖനത്തില്‍) കേവലം ബാറ്റ്സ്മാന്‍റെ സാങ്കേതിക വളര്‍ച്ചകൊണ്ടും ഇരുപത് ഓവര്‍ ക്രിക്കറ്റ് കൊണ്ടും മാത്രം സംഭവിച്ചതല്ല; മറിച്ച് ബൌളിങ്ങില്‍ വന്നുപോയ ശോഷണത്തെക്കാള്‍ വിപണി ആവശ്യപ്പെടുന്ന റണ്ണൊഴുക്കുള്ള പിച്ചുകളും ചെറിയ മൈതാനങ്ങളുമാണ് നിലയിലേയ്ക്ക് നയിച്ചതെന്ന് മനസ്സിലാകുന്നു. കളിനിയമങ്ങള്‍ അതിന് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. മൂന്നാം പവര്‍പ്ലേ, ഫ്രീഹിറ്റ് എന്നീ നിയമങ്ങള്‍ ശ്രദ്ധിക്കുക.

മൂന്നാം പവര്‍പ്ലേ-
ഏകദിനത്തില്‍ രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രം മുപ്പത് വാരയ്ക്ക് പുറത്ത് അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്ന പതിനഞ്ച് ഓവറിന് പുറമെയാണ് ബാറ്റിംഗ് പവര്‍ പ്ലേ എന്ന പേരില്‍ മൂന്നാം പവര്‍പ്ലേ അവതരിപ്പിച്ചത്. ഇത് കളിയുടെ മൊത്തം സന്തുലനത്തെ ഇല്ലാതാക്കുകയും അവസാന ഓവറുകളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റെ ലഹരി ക്രിക്കറ്റിന് നഷ്ടമാക്കുകയും ചെയ്യുന്നു. ആളൊഴിഞ്ഞ ഗോള്‍പോസ്റ്റില്‍ ഗോളടിക്കുന്നതുപോലെയാണ് ഈ മൂന്നാം പവര്‍പ്ലേ. കളിയുടെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ട്, കൂടാതെ അനാവശ്യമായ ഒരു മുന്‍തൂക്കം ബാറ്റിംഗ് ടീമിന് നല്‍കുകയും ചെയ്യുന്നു.

ഫ്രീഹിറ്റ്-
ഇനി ഫ്രീഹിറ്റിന്‍റെ കാര്യം നോക്കുക; ക്രീസില്‍ നോബോളായാല്‍ അടുത്ത പന്തില്‍ ബാറ്റ്സ്മാന്‍ പുറത്താകില്ല എന്ന നിയമമാണ് ഇത്. (ഒരു റണ്ണും കൂടാതെ ബാറ്റ്സ്മാനെ പുറത്താക്കാനുള്ള അവസരവും ബൌളര്‍ക്ക് നഷ്ടമാകുന്നത് കൂടാതെ ബൌളര്‍ ചെയ്യുന്ന തെറ്റിന് നഷ്ടപരിഹാരം എന്നാണ് ഐസിസി ഇതിന് നല്‍കിയ ന്യായം, എന്നത് ആദ്യമേ ഉള്ളതാണ്. അതിനും പുറമെയാണ് ഇത്) ഇത് ഇനി തിരിച്ചിട്ട് നോക്കുക. ഒരു തവണ ബീറ്റണ്‍ ആകുന്ന ബാറ്റ്സ്മാനെ മാറ്റി നിര്‍ത്തി ഒഴിഞ്ഞ വിക്കറ്റിലേയ്ക്ക് ബൌളര്‍ പന്തെറിയുക എന്ന നിര്‍ദ്ദേശം സ്വീകാര്യമാകുമോ? സീകാര്യമാവില്ല, അതില്‍ മാത്രം എന്തോ അസ്വാഭാവികതയുണ്ടെന്ന് കാണി വിചാരിക്കുന്നു, അഥവാ കാണിയെ വിപണി അങ്ങനെ ധരിപ്പിച്ചിരിക്കുന്നു. എത്രയോ കാലമായി ക്രിക്കറ്റിലെ അധഃസ്ഥിത വര്‍ഗ്ഗക്കാരനാണ് ബൌളര്‍. സംശയത്തിന്‍റെ ആനുകൂല്യം എപ്പോഴും ബാറ്റ്സ്മാനുള്ളതാണ്. ബാറ്റ്സ്മാന്‍ എന്നും വെളുത്തവനും ബൌളര്‍ കറുത്തവനുമാണ്. അവന് മുതലാളിയുടെ പരസ്യം ചുമക്കാന്‍ ബൌള്‍ ചെയ്യുമ്പോള്‍ കയ്യില്‍ ബാറ്റില്ല എന്നതാവാം കാണപ്പെടുന്ന പ്രധാന ന്യൂനത എന്ന് തോന്നുന്നു. (പരിഹാരമായി തല മൊട്ടയടിച്ച് അതില്‍ ഹീറോഹോണ്ടയെന്നോ പെപ്സിയെന്നോ ഒക്കെ എഴുതിയാല്‍ ബൌളര്‍ക്കും മാര്‍ക്കറ്റ് തിരിച്ചു പിടിക്കാവുന്നതേയുള്ളൂ)

സ്വിച്ച് ഹിറ്റ്-
സ്വിച്ച് ഹിറ്റിന്‍റെ കാര്യം പരിശോധിക്കാം, ബാറ്റ്സ്മാന്‍ വലങ്കയ്യില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ (ഇടങ്കയ്യനില്‍ നിന്ന് വങ്കയ്യനുമാകാം) മുന്നറിയിപ്പില്ലാതെ ഇടങ്കയ്യനായി ബൌളര്‍ പന്ത് റിലീസ് ചെയ്തതിനു ശേഷം കളിക്കാം എന്നതാണ് സ്വിച്ച് ഹിറ്റിന്‍റെ സാരാംശം. മുമ്പും ബാറ്റ്സ്മാന്‍മാര്‍ റിവേഴ്സ് സ്വീപ്പ് ഉപയോഗിച്ചിരുന്നു എന്നാല്‍ അത് ബാറ്റില്‍ കയ്യുടെ ഗ്രിപ്പ് മാറ്റാതെ സ്വന്തം വിക്കറ്റ് നഷ്ടപ്പെടാനുള്ള കൂടുതല്‍ അപകടം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. ബൌളര്‍ ഗാര്‍ഡ് പറഞ്ഞതിനുശേഷമാണ് ബൌളിങ്ങിനെത്തുന്നത്. സ്വിച്ച് ഹിറ്റിന്‍റെ നിയമം അനുസരിച്ചാണെങ്കില്‍ ബൌളര്‍ക്ക് തോന്നും പോലെ തോന്നിയേടത്തുനിന്ന് വലങ്കയ്യില്‍ നിന്ന് മാറ്റി ഇടങ്കയ്യില്‍ ബൌള്‍ ചെയ്യാനുള്ള നിയമമുണ്ടാക്കണം. അത് സാധിക്കുമോ ഐസിസിയ്ക്ക്? ഇല്ല! കാരണം ക്രിക്കറ്റ് കളി ബാറ്റ്സ്മാനുള്ളതാണ്.

കളിയുടെ നിലവാരം താഴുകയും എന്നാല്‍ സ്കോര്‍ ശരാശരി ഉയര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നത് ക്രിക്കറ്റിന് ഒട്ടും ശുഭകരമായ സൂചനയല്ല. മാത്രമല്ല അത് പല അപായസൂചനകളും പുറപ്പെടുവിക്കുന്നതുമുണ്ട്. അത്ര കൊല്ലം മുമ്പല്ലെങ്കിലും 1996 ല്‍ ഇന്ത്യയും ഓസ്ടേലിയയും ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയ 250 റണ്‍സ് തികച്ചപ്പോള്‍ കളികാണാന്‍ വന്ന പലരും പിരിഞ്ഞു പോയത് ഇന്നും ഓര്‍മ്മയുണ്ട്. അന്ന് 5 റണ്‍ ശരാശരിയില്‍ ഒരു സ്കൊറിനെ പിന്തുടര്‍ന്ന് ജയിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നു. ഇന്ന് എല്ലാ പരിഷ്കാരങ്ങള്‍ക്കും ശേഷം 400 റണ്‍ പോലും ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്കോറായിരിക്കുന്നു. നല്ല വശങ്ങളുണ്ട്, അതിനെ നിഷേധിക്കുന്നുമില്ല, എന്നാല്‍ കളിയിലെ ഈ ഒഴുക്കും കളികളുടെ ആധിക്യവും ക്രിക്കറ്റിനെ ഓര്‍മ്മകളില്‍ നിന്ന് അന്യമാക്കുന്നു. നല്ല കളികള്‍ ഓര്‍മ്മിച്ചിരുന്ന ഒരു കാലത്തില്‍ നിന്നും കണ്ട് മറന്നുപോകേണ്ട ഒരു ബോളീവുഡ് വ്യാപാരമായി ക്രിക്കറ്റ് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, ഒന്നും ഓര്‍മ്മിക്കേണ്ടതല്ല, എല്ലാം വലിച്ചെറിയാന്‍ പാകത്തിനുള്ളതാവണം എന്നതാണ് വിപണിയുടെ മന്ത്രം. ബാറ്റ്സ്മാന്‍ ഒരുവശത്തുമാത്രമുള്ള സീസോ കളിയ്ക്ക് ഇനി ഏറെ അയുസ്സില്ല. ഒരിക്കല്‍ ബൌളര്‍ മറുവശത്തുണ്ടായിരുന്ന സീസോ കളിയായിരുന്നു ക്രിക്കറ്റ്. അതിന് ഒരു തുലനാവസ്ഥ ഉണ്ടായിരുന്നു ഇന്ന് അതാണ് കളിയ്ക്ക് നഷ്ടമായിരിക്കുന്നത്. എല്ലാരും കൂടി കുളിപ്പിച്ച് കുളിപ്പിച്ച് ബോളിവുഡിന്‍റെ സ്ഥിതി കണ്ടില്ലേ അതുപോലെ വൈകാതെ ക്രിക്കറ്റും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. കളികണ്ട് ബോറടിച്ചതുകൊണ്ട് ഇന്ന് അതില്‍ നിന്നും പിന്‍തിരിയുന്ന സാധാരണക്കാരനായൊരു കാണിയാണ് ഞാന്‍. ഓര്‍മ്മിക്കാനുള്ളതുമാത്രം കണ്ടാല്‍ മതി എന്നും എനിക്ക് തോന്നുന്നു. ദേശീയതയിലാണ് ഞാന്‍ ഏതൊരു കളിയേയും പ്രതിഷ്ഠിച്ചത് എന്നാല്‍ ദേശീയതയും ക്രിക്കറ്റിന് നഷ്ടമാകാന്‍ തുടങ്ങുകയും അത് ചില സ്വകാര്യക്കാര്‍ ഏറ്റെടുത്ത് പാട്ടത്തിന് ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. ഇനിയെന്നാണ് ഇന്ത്യയക്കുവേണ്ടി ഒരു കളിയുണ്ട് ഒരു ദിവസം കളിക്കാരനെ വിട്ടുതരുമോ എന്ന് രാജ്യത്തിന് മുതലാളിമാരോട് യാജിക്കേണ്ടിവരുന്നത്!

0 comments: